തൊട്ടാല്‍ പൊള്ളും! സ്വര്‍ണവില പവന് ₹560 വരെ ഉയർന്ന് റെക്കോര്‍ഡ് നിലയിൽ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. ഇന്നലെ അപേക്ഷിച്ച് ഇന്ന് പവന് 560 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 72,120 രൂപയായി. ഗ്രാമിന് 70 രൂപയുടെ വര്‍ധനവോടെ, ഇന്നത്തെ ഗ്രാംവില 9,015 രൂപയാണ്. സ്വര്‍ണവില ഓരോ ദിവസവും പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ്. ഏപ്രില്‍ മാസത്തിന്റെ രണ്ടാം വാരത്തില്‍ വില 70,000 രൂപ കടന്നതിനു പിന്നാലെ വീണ്ടും വലിയ വര്‍ധന രേഖപ്പെടുത്തുകയാണ്. പണിക്കൂലിയും നികുതിയും ഒഴിവാക്കിയ ശേഷമുള്ള വിലയില്‍ തന്നെ ഈ വര്‍ധനവ് എത്തിയതാണ് ശ്രദ്ധേയം. ഏപ്രില്‍ 17-ന് മാത്രം 840 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില ആദ്യമായി 71,000 രൂപ കടന്നിരുന്നു. ശനിയാഴ്ച 70,000 രൂപ കടന്ന് വിപണിയിൽ ചരിത്രം കുറിച്ചിരുന്നു. അന്താരാഷ്ട്ര സാമ്പത്തിക രംഗത്ത് തുടരുന്ന അനിശ്ചിതത്വം മൂലമാണ് ഈ വിലക്കയറ്റമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കൂടുതല്‍ പേര് സ്വര്‍ണത്തിലേക്ക് തിരിയുന്നതും വില ഉയര്‍ന്നതിന് ഒരു പ്രധാന കാരണമായി ആക്കുന്നു.